വിജയാഹ്ളാദത്തിനിടെ സ്‌കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു ദാരുണമായ സംഭവം.ചെറുകാവ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടരുകയായിരുന്നു. ഇത് ശക്തമായ പൊട്ടിത്തെറിക്ക് കാരണമായി. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റു.ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇര്‍ഷാദിന്‍റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.