യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കനാലിൽ തള്ളി:

യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കനാലിൽ തള്ളി:

റേവാരി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹരിയാനയിലെ റേവാരി സ്വദേശിയായ മോനുവിനെ (21) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളുകയായിരുന്നു. സംഭവം ആത്മഹത്യയോ അപകടമരണമോ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, യുവതിയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജൂൺ 8-നാണ് കേസിനാസ്പദമായ സംഭവം.  ജോലിക്കിടയിൽ മോനുവിനെ ഭാര്യ തന്നു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു .വീട്ടിലെത്തിയ   മോനുവിനെ കാമുകൻ സോനുവും സുഹൃത്തുക്കളായ ഹരിയോമും അമനും ചേർന്ന് ബലമായി പിടികൂടി ബോധരഹിതനാക്കി. പിന്നീട് ഇവർ യുവാവിനെ ജീവനോടെ കനാലിൽ തള്ളുകയായിരുന്നു. മരണം വെള്ളത്തിൽ മുങ്ങിയുള്ളതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിയിക്കാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനായി മോനുവിന്റെ സ്കൂട്ടർ കനാലിന് സമീപം പാർക്ക് ചെയ്ത് ആത്മഹത്യയാണെന്ന് വിശ്വസിപ്പിക്കാനും അവർ ശ്രമിച്ചു.ആദ്യഘട്ടത്തിൽ അപകടമരണമെന്ന് കരുതി പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത തന്നു, ഭർത്താവിന്റെ വേർപാടിൽ ദുഃഖിതയാണെന്ന് അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മോനുവിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് കുടുംബത്തിൽ സംശയമുണ്ടാക്കി. തുടർന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെ കുടുംബം ഡിലീറ്റ് ചെയ്ത ചാറ്റുകളും കോൾ റെക്കോർഡുകളും വീണ്ടെടുത്തു. ജൂൺ 8-ന് തന്നുവും മോനുവും തമ്മിൽ സംസാരിച്ചതിന്റെയും, തന്നു കാമുകൻ സോനുവുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ ലഭിച്ചതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.മുഖ്യപ്രതികളെ പോലീസ് അറസ്റ്റുചെയ്തു