ഭാര്യ ഭര്‍ത്താവിനെ കൊന്ന് കുളിമുറിയില്‍ കുഴിച്ചുമൂടി: പുറംലോകമറിഞ്ഞത് 45 ദിവസങ്ങള്‍ക്ക് ശേഷo

ആഗ്ര: ഭാര്യ ഭര്‍ത്താവിനെ കൊന്ന് കുളിമുറിയില്‍ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സുരേന്ദ്രകുമാര്‍ ശര്‍മ്മ(44) ആണ് കൊല്ലപ്പെട്ടത്. സംഭവം നാല്‍പ്പത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്.കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ റൂബി മെയ് പതിനെട്ടിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിക്കന്ദ്ര പൊലീസ് വീട്ടിലെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസിന് കണ്ട് റൂബി പരിഭ്രാന്തയായതോടെ പൊലീസിന് സംശയമുണ്ടാകുകയും അവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇവര്‍ സംഭവങ്ങളെല്ലാം പൊലീസിനോട് വിശദീകരിച്ചു.തുടര്‍ന്ന് പൊലീസ് കുളിമുറിയുടെ തറയോടുകള്‍ നീക്കി മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ഭരത്പൂര്‍ സ്വദേശിയായ സുരേന്ദ്രകുമാര്‍ ശര്‍മ്മ ഭാര്യ റൂബി, അമ്മ കമല, രണ്ട് പെണ്മക്കള് എന്നിവര്‍ക്കൊപ്പം രേണുകധാം കോളനിയിലായിരുന്നു താമസിച്ചിരുന്നതെന്ന് എസിപി ഹര്പര്വത് അമീഷ പറഞ്ഞു.റൂബിയുടെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതല്‍ തന്നെ കാണാതായ സുരേന്ദ്രശര്മ്മയുടെ മൂത്ത സഹോദരന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. റൂബിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്.ക്രൈം പെട്രോള്‍, ദൃശ്യം സിനിമകള്‍ കണ്ട ശേഷമാണ് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കിയതെന്ന് റൂബി പൊലീസിനോട് പറഞ്ഞു.
ഉറക്കഗുളികള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് കൊല നടത്തിയതെന്ന് റൂബി പൊലീസിനോട് വെളിപ്പെടുത്തി. ഒപ്പം താമസിച്ചിരുന്ന ഭര്‍തൃമാതാവിനെയും മക്കളെയും ബന്ധുവീട്ടിലേക്ക് അയച്ച ശേഷമായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ കുഴിച്ചിട്ട അതേ കുളിമുറിയില്‍ തന്നെയാണ് ഈ ദിവസങ്ങിലെല്ലാം റൂബി കുളിച്ചിരുന്നത്. അത് കൊണ്ട് അങ്ങനെയൊരു സംശയം ആര്‍ക്കും ഉണ്ടായില്ല.ആളുകള്‍ സുരേന്ദ്രയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അവര്‍ കരയുമായിരുന്നു. റൂബിയുടെ ഈ നാടകം ഏതാണ്ട് ഒന്നരമാസത്തോളം തുടര്‍ന്നു. ആര്‍ക്കും സുരേന്ദ്ര കൊല്ലപ്പെട്ടെന്ന് ഒരു സൂചനയും കിട്ടിയില്ല. എന്നാല്‍ ഭര്‍തൃമാതാവിന്റെ പെന്‍ഷനെ ചൊല്ലി സുരേന്ദ്രയുടെ സഹോദരന് അനില്‍ ശര്‍മ്മയുമായുണ്ടായ ഒരു തര്‍ക്കമാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.
"അമ്മയുടെ പെന്ഷന് റൂബി എടുത്തില്ലെന്ന് തന്നോട് പറഞ്ഞപ്പോള്‍ സംശയം തോന്നി. അമ്മയുമായി താന്‍ ഭരത്പൂരിലേക്ക് പോയി. അവിടെ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പെന്ഷന് പിന്‍വലിച്ചതായി മനിസലായി. അമ്മയുടെ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കും ഡെബിറ്റ് കാര്‍ഡം റൂബിയുടെ കയ്യിലാണ്. അമ്മയ്ക്ക് മുപ്പതിനായിരം രൂപ പെന്ഷന് കിട്ടും. തനിക്ക് ഇതില്‍ നിന്ന് പതിനായിരം രൂപ അമ്മ നല്‍കുമായിരുന്നു.
കഴിഞ്ഞ ദിവസം റൂബി പെന്ഷന് പിന്‍വലിച്ചിട്ടും തനിക്ക് പണം തരാത്തത് എന്താണെന്ന് താന്‍ ചോദിച്ചു. റൂബി മറുപടി പറഞ്ഞില്ല. രാവിലെ ആറ് മണിയോടെ അവര്‍ തന്നെ വിളിച്ച് ഭര്‍ത്താവ് വീട്ടിലുണ്ടെന്നും വന്ന് സംസാരിക്കാനും പറഞ്ഞു. താന്‍ സുരേന്ദ്രയുടെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് ശുചിമുറിയിലാണെന്ന് അവര്‍ പറഞ്ഞു. ആരും അതില്‍ ഇല്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ രണ്ടടി താഴ്ചയിലാണെന്നായിരുന്നു അവരുടെ മറുപടി. ഇത് കേട്ട് തന്റെ ആത്മാവ് പോലും വിറച്ചു പോയി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.": അനില്‍ ശര്‍മ്മ പറഞ്ഞു.
ഭര്‍ത്താവ് സുരേന്ദ്രശര്‍മ്മ മദ്യപാനി ആയിരുന്നെന്ന് റൂബി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ലഹരിക്കായി ഉറക്കഗുളികകളും ഉപയോഗിച്ചിരുന്നു. ഭര്‍ത്താവ് മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.ക്രൈം പെട്രോള്‍, ദൃശ്യം സിനിമകള്‍ കണ്ട ശേഷമാണ് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കിയതെന്ന് പ്രതി പറഞ്ഞു. അതേസമയം പിതാവിനെ തങ്ങളുടെ അമ്മ കൊന്നു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ അവരുടെ മക്കള്‍ ഇനിയും തയാറായിട്ടില്ല. അമ്മ നിരപരാധിയാണെന്നാണ് ഇവര്‍ പറയുന്നത്.പൊലീസ് വിവിധ വിഷയങ്ങള്‍ പരിശോധിച്ചതായി സിറ്റി ഡിസിപി സയീദ് അലി പറഞ്ഞു. മറ്റാരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ സഹോദരന്റേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.