"രാമജന്മഭൂമി ട്രസ്റ്റിൽ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല" : ആഭ്യന്തര മന്ത്രാലയം

ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ ഈ വിവരം അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ ട്രസ്റ്റ് ആന്തരികമായി എടുക്കുന്നതാണെന്നും അതിനുള്ള അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികള്‍ക്ക് മാത്രമാണെന്നും കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻറെ നിലപാട് അറിഞ്ഞ ശേഷമായിരുന്നു ഈ വിശദീകരണം.2024 ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ ആര്‍ടിഐ പ്രകാരം കേന്ദ്ര സര്‍ക്കാരിനോട് രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ അപ്പീല്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയുടെ വിധി പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ യാതൊരു സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. അതിനാല്‍ അതിന്റെ പ്രവര്‍ത്തനം ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം അംഗങ്ങളുടേതാണ്. അംഗങ്ങള്‍ തന്നെ ആഭ്യന്തരമായി നടത്തിപ്പും പ്രവര്‍ത്തനവും തീരുമാനിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സംവിധാനമായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ റായിയെയും മിശ്രയെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ രാജ്യത്തെ ഒരു സമിതിക്കും അധികാരമില്ല.
ജുലൈ 6 ന് ഇതുമായി ബന്ധപ്പെട്ട് സുപ്രധാനയോഗം നടക്കും. ട്രസ്റ്റിലെ 15 അംഗങ്ങളില്‍ നാല് പേര്‍ക്ക് വോട്ടവകാശമില്ല. ട്രസ്റ്റിലെ ഒരു അംഗം മരിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുക്കാന്‍ റായിക്കും മിശ്രയ്ക്കും ഇപ്പോഴും അര്‍ഹതയുള്ളതിനാല്‍, ബാക്കിയുള്ള 10 അംഗങ്ങളില്‍ ആറ് പേരെ ആശ്രയിച്ചാണ് അവസാന തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിക്കുന്ന നാല് ഉദ്യോഗസ്ഥര്‍ ട്രസ്റ്റ് അംഗങ്ങളാണെങ്കിലും, അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമോ വോട്ടവകാശമോ ഇല്ല.
കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചാളുകള്‍ പണം എണ്ണുന്നതിനിടയില്‍ വസ്ത്രത്തിലും സോക്‌സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഇതോടെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാര്‍ക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കി. കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാമക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയുള്ള സംഭാവന എണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് പണം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആരും ശ്രദ്ധിക്കാത്ത സമയത്ത് ചിലര്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പൊലീസ് പണം പിടിച്ചെടുത്തിരുന്നു.180 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ 45 ദിവസത്തെ സിസിടിവി മാത്രമാണ് ഉണ്ടായിരുന്നത്. എത്രകാലമായി മോഷണം നടക്കുന്നു എന്നത് കണ്ടെത്താനായില്ല. ട്രസ്റ്റിന്റെ അഞ്ചുവര്‍ഷത്തെ അക്കൗണ്ടുകള്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും ഓഡിറ്റ് ചെയ്യും.