കേതൻ അഗർവാൾ വധക്കേസ് : തെളിവെടുപ്പിനിടയിൽ മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് സിയ

പൂനെ : പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി പുനെയിലെ വീട്ടിലെത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പ്രതി സിയ ഗോയൽ. കൊലപാതകത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പോലീസുകാർക്കിടയിൽ നിന്ന് യുവതി പെരുമാറിയത്.
ജൂൺ 18-നാണ് കേതൻ അഗർവാളിനെ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് പുനെയിലെ ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള താഴ്‌വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് സിയ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, സംഭവത്തിന് ശേഷം സിയയുടെ പെരുമാറ്റത്തിൽ ദുഃഖമോ പരിഭ്രമമോ കാണാത്തതിൽ പോലീസിന് സംശയം തോന്നിയിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
നവംബറിൽ വിവാഹം നിശ്ചയിച്ചിരുന്നവരാണ് സിയയും കേതനും. എന്നാൽ സിയയുടെ കാമുകനായ ചേതൻ ചൗധരിക്ക് ഈ ബന്ധത്തിൽ അതൃപ്തിയുണ്ടായിരുന്നു. ജൂൺ 14-ന് സിയ കേതനെ കോട്ടയിലേക്ക് കൊണ്ടുപോയി തള്ളിയിടാൻ ശ്രമിച്ചെങ്കിലും, കുറ്റിക്കാടുകളിൽ പിടിച്ച് കേതൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അന്ന് പാമ്പിനെ കണ്ടുവെന്ന് അഭിനയിച്ച് സിയ കേതൻ്റെ ശ്രദ്ധ തിരിച്ചു. എന്നാൽ പിന്നീട് കാമുകനുമായി ചേർന്ന് കേതനെ വീണ്ടും കോട്ടയിലെത്തിക്കുകയും പിൻഭാഗത്തുനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടുമ്പോൾ, പ്രതിഭാഗം അഭിഭാഷകർ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് സാധ്യത. സിയയുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്