വ്യാജ ജിഎസ്‌ടി രജിസ്ട്രേഷൻ: "വകുപ്പിലെ ഒരുകൂട്ടർക്ക് പങ്ക് , വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ല" : വി ഡി സതീശന്‍;

തിരുവനന്തപുരം: വകുപ്പുതലത്തിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയോടെ ജിഎസ്‌ടി തട്ടിക്കുന്ന ആയിരത്തിലധികം സംഘങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരത്തിലുള്ള ഒരു സംഘം 1100 കോടി രൂപയുടെ ഇടപാടുകള്‍ വ്യാജപ്പേരുകളില്‍ നടത്തി ഏകദേശം 200 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ഈ സംഘം സാധരണക്കാരറിയാതെ അവരുടെ പേരില്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ നടത്തിയാണ് തട്ടിപ്പു നടത്തിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
"ജിഎസ്‌ടി രജിസ്റ്റര്‍ ചെയ്യുന്ന ആള്‍ക്ക് മറ്റ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാമെന്ന വ്യവസ്ഥ മറയാക്കി തട്ടിപ്പുകാരുടെ തന്നെ ബാങ്കക്കൗണ്ടിലാണ് ഇടപാടുകള്‍ മുഴുവന്‍ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജിഎസ്‌ടി ഇൻ്റലിജന്‍സ് ഇക്കാര്യം കണ്ടെത്തി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാരോ ജിഎസ്‌ടി വകുപ്പോ തയ്യാറാകുന്നതിനു പകരം ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സാധാരണക്കാരുടെ വിവരങ്ങള്‍ ചില സേവന പോര്‍ട്ടലുകളില്‍നിന്ന് ചോര്‍ത്തിയാണ് ഇത്തരത്തിൽ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ നടത്തുന്നത്. ജിഎസ്‌ടി വകുപ്പിന് എല്ലാ വിവരങ്ങളും കയ്യിലുണ്ടായിട്ടും ഇരകളാക്കപ്പെട്ടവരെ വിവരം അറിയിക്കാന്‍ ജിഎസ്‌ടി വകുപ്പ് തയ്യാറാകുന്നില്ല. കെഎസ്ഇബിയുടെ 13 അക്ക കണ്‍സ്യൂമര്‍ നമ്പറും ഒരു രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തി ജിഎസ്‌ടി രജിസ്‌ട്രേഷന്‍ നടത്താം. എല്‍എസ്ജിഡിയുടെ സഞ്ജയ പോര്‍ട്ടല്‍ വഴിയും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി ജിഎസ്‌ടി രജിസ്‌ട്രേഷന്‍ നടത്തി. എറണാകുളത്ത് ഒരാള്‍ മകളുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ 43 കോടി രൂപയുടെ ഇടപാടു നടന്നതായി കണ്ടെത്തി. അദ്ദേഹം വെറും ഒരു കരാര്‍ തൊഴിലാളിയാണ്. പെലീസിനെയും ജിഎസ്ടി വകുപ്പിനെയും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല." വിഡി സതീശൻ
മാധ്യമങ്ങളെ അറിയിച്ചു.ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനപ്പുറത്തേക്ക് എന്തു കൊണ്ട് സര്‍ക്കാര്‍ പോകുന്നില്ലെന്നും എന്തു കൊണ്ട് ഇരകളാക്കപ്പെട്ടവരെ വിവരമറിയിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇവര്‍ക്ക് നിയമപരമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കുന്നില്ല. 200 കോടിയുടെ റവന്യൂ നഷ്ടമുണ്ടായിട്ട് എന്തു കൊണ്ട് അത് തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. അന്തര്‍ സംസ്ഥാന ബന്ധമുള്ള ഈ തട്ടിപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ഇത് മനസിലാക്കിയിട്ടും ഇടപെടാന്‍ തയ്യറാകാത്ത ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കേരളത്തിലെ ജിഎസ്‌ടി നിര്‍വഹണം പരിതാപകരമായ നിലയിലാണ്. കേരളത്തില്‍ വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുകയാണ്. ഇവിടെ നടന്നിരിക്കുന്നത് നികുതി വെട്ടിപ്പു മാത്രമല്ല, ഡാറ്റാ മോഷണം കൂടിയാണ്. ആരെല്ലാമാണ് ഈ തട്ടിപ്പിനു കൂട്ടു നില്‍ക്കുന്നത് ആരാണ് ഇതെല്ലാം മൂടി വയ്ക്കുന്നതെന്ന വിവരം പുറത്തു വരണം. അദ്ദേഹം പറഞ്ഞു .