ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'': കെ സുധാകരൻ

ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'': കെ സുധാകരൻ

ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. ''ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'' എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്.

നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ''എന്നെ വിളിച്ചിട്ടില്ലന്നേ... എന്നെ വിളിക്കണ്ടേ....'' എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ സുധാകരൻ ഡൽഹിയിലെത്തിയത്.

വിമാനത്താവള വിഐപി ​ഗേറ്റ് ഒഴിവാക്കി, മറ്റൊരു ​ഗേറ്റിലൂടെ കെ സുധാകരൻ പുറത്തു വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വിഐപി ​ഗേറ്റിലൂടെ തന്നെയാണ് സുധാകരൻ പുറത്തെത്തിയത്. കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് സുധാകരൻ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്.


കെ. സുധാകരനെ അനുകൂലിച്ച്  ഫ്ലക്സ് ബോർഡുകൾ 

 കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡി.സി.സി ഓഫീസിന്റെ മതിലിൽ സുധാകരനെ 'പടനായകൻ' എന്ന് വിശേഷിപ്പിക്കുന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. "പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു, കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ്" എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ.സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തിൽ സുധാകരന്റെ നേതൃത്വത്തിന് കരുത്തുപകരാനാണ് അണികളുടെ നീക്കമെന്നാണ് സൂചന. നേരത്തെയും സമാനമായ രീതിയിൽ സുധാകരനെ അനുകൂലിച്ച് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനമാണോ അതോ പ്രാദേശിക പ്രവർത്തകരുടെ ആവേശമാണോ ഈ നീക്കത്തിന് പിന്നിലെന്ന് വ്യക്തമല്ല.