ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായി ചരിത്രം തിരുത്തിക്കുറിച്ച സുരേഖ യാദവ് വിരമിച്ചു

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായി ചരിത്രം തിരുത്തിക്കുറിച്ച സുരേഖ യാദവ് വിരമിച്ചു

മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റും മൂന്നരപതിറ്റാണ്ടിലധികം നീണ്ടുനിന്ന  റെയിൽവേ  ജീവിതത്തില്‍ ഇന്ത്യയിലെ   നിരവധി  ട്രെയിനുകളുടെ 'തേരാളി'യുമായിരുന്ന  സുരേഖ യാദവ് ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചു.രാജ്യത്തെ സ്ത്രീകൾക്ക് മുഴുവൻ മാതൃകയായി ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിൻ്റെയും  ആത്മവിശ്വാസത്തിൻ്റെയും പ്രതീകമായും സ്ത്രീകൾക്ക് അസാധ്യമായിട്ടൊന്നുമില്ല എന്ന ഓർമ്മപ്പെടുത്തൽ ബാക്കിവെച്ചുമാണ് സുരേഖാ യാദവ് ട്രയിനിൻ്റെ 'ഡ്രൈവർ സീറ്റ് ' ഒഴിയുന്നത്.സുരേഖയുടെ ജീവിത യാത്ര വരും തലമുറകള്‍ക്ക് പ്രചോദനമായി തുടരുമെന്ന് യാത്രയയപ്പ് ദിനത്തിൽ  റെയില്‍വേ അധികൃതര്‍ പറഞ്ഞു.1989-ലാണ് സുരേഖ യാദവ് ഇന്ത്യന്‍ റെയില്‍വേയില്‍ ചേര്‍ന്നത്.  പുരുഷാധിപത്യംനിറഞ്ഞുനിന്ന  റെയില്‍വേ മേഖലയിലെ എല്ലാ വെല്ലുവിളികളെയും സുരേഖ തകര്‍ത്തെറിഞ്ഞു. 1990-ല്‍ സുരേഖ അസിസ്റ്റന്റ് ഡ്രൈവറായി. അതോടെ ഈ രംഗത്തെ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്  എന്ന പദവിക്ക് സുരേഖ അര്‍ഹയായി.മുംബൈയിലെ പ്രാദേശിക ട്രെയിനുകള്‍ക്ക് പുറമെ, ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള മലമ്പാത (ഘട്ട്) ഭാഗങ്ങളിലൂടെ ഗുഡ്‌സ് ട്രെയിനുകള്‍ ഓടിക്കുകയും ചെയ്തു. കൂടാതെ, രാജ്യത്തെ ഏറ്റവും അഭിമാനകരമായ ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണവും സുരേഖ ഏറ്റെടുത്തു.

പല ഘട്ടങ്ങളിലൂടെയാണ് സുരേഖ യാദവ് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ പടിപടിയായി വളര്‍ന്നത്. 1996-ല്‍ ആദ്യമായി ഒരു ഗുഡ്‌സ് ട്രെയിന്‍ ഓടിച്ചു. 2000-ത്തില്‍ 'മോട്ടോര്‍ വുമണ്‍' ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2010-ല്‍ 'ഘട്ട് ഡ്രൈവറാ'യി യോഗ്യത നേടി. പിന്നീട് വിവിധ റെയിൽപാതകളിൽ  ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നിയന്ത്രണം   അവര്‍ ഏറ്റെടുത്തു. 2023 മാര്‍ച്ച് 13-ന് സോളാപൂരിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ  കന്നി ഓട്ടം  സുരേഖയുടെ ഔദ്യോഗികജീവിതത്തിലെ നാഴികക്കല്ലായിരുന്നു.വിരമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്,  ഹസ്രത്ത് നിസാമുദ്ദീന്‍ റൂട്ടില്‍ രാജധാനി എക്‌സ്പ്രസ് ഓടിക്കുവാനും  സുരേഖയ്ക്ക് അവസരം ലഭിച്ചു.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1965 സെപ്റ്റംബര്‍ 2-നാണ് സുരേഖ യാദവ് ജനിച്ചത്. റെയില്‍വേയില്‍ ചേരുന്നതിന് മുമ്പ് സുരേഖ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരുന്നു.