കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചു.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ/ഡിആർ മൂന്ന് ശതമാനം വർധിപ്പിച്ച് സർക്കാർ. തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിലാണ് ക്ഷാമബത്ത വർധനവ് അംഗീകരിച്ചത്.49.2 ലക്ഷം ജീവനക്കാർക്കും 68.7 ലക്ഷം പെൻഷൻകാർക്കും ഈ വർധനവ് ഗുണം ചെയ്യുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ഈ വർധനവ്.വിദ്യാർഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ  ആരംഭിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. 2026-27 മുതൽ ഒമ്പത് വർഷത്തേക്ക് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ആകെ 5862.55 കോടി രൂപയാണ് ഫണ്ട് ആവശ്യമായി വരുന്നത്.2026-27 ലെ മാർക്കറ്റിങ് സീസണിൽ എല്ലാ നിർബന്ധിത റാബി വിളകൾക്കും മിനിമം താങ്ങുവില (എംഎസ്‌പി) വർധിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. കർഷകർക്ക് അവരുടെ ഉത്‌പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. 2026-27 ലെ മാർക്കറ്റിങ് സീസണിലെ റാബി വിളകളുടെ എംഎസ്‌പി വർധിപ്പിച്ചതായും ഗോതമ്പിൻ്റെ എംഎസ്‌പി ക്വിൻ്റലിന് 160 രൂപ വർധിപ്പിച്ച് ക്വിൻ്റലിന് 2,585 രൂപയായി മന്ത്രിസഭ പ്രഖ്യാപിച്ചു. 'വന്ദേമാതരം' ഗാനത്തിൻ്റെ 150 -ാം വാർഷിക ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചു.