സൗദിയില്‍ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരണപ്പെട്ടു.

സൗദി അറേബ്യ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഖത്തറില്‍ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു.മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കല് വീട്ടില്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞു മോൻ) ഭാര്യ രഹന (52), മൂത്ത മകള്‍ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോ മീറ്റർ അകലെയുള്ള 'ദലം' എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം. ഉംറ കർമങ്ങള്‍ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്മക്കള്, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിലൂടെ പറന്നു വന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുൻവശത്തെ ഗ്ലാസ്സില്‍ (വിൻഡ് ഷീല്‍ഡ്) വന്ന് പതിക്കുകയും, ഇതോടെ ഡ്രൈവർക്ക് കാഴ്ച പൂർണ്ണമായി മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡില്‍ പലതവണ മറിയുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ദീർഘകാലമായി ഖത്തറില്‍ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോ കെമിക്കല്‍ കമ്പനിയിലെ (QAPCO) ഉദ്യോഗസ്ഥനാണ്. അപകടത്തില്‍ മരിച്ച രഹന ഉമർകുട്ടി - മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ്.നിലവില്‍ മൃതദേഹങ്ങള്‍ ദലം സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.