ട്രാഫിക് നിയമ ലംഘകർക്ക് പുതിയ മാതൃകയുമായി കുവൈത്ത്; ശിക്ഷയിൽ വൻ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷകൾ നടപ്പാക്കാൻ സർക്കാർ തീരുമാനം. നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് സാമൂഹിക സേവനം, കൗൺസിലിങ്, പുനരധിവാസ പരിപാടികൾ എന്നിവ ശിക്ഷയായി നൽകുന്ന പുതിയ സംവിധാനം കുവൈത്ത് നടപ്പാക്കി. 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 895 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ബോധവത്കരണ ക്യാമ്പയിനുകൾ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ, വിദ്യാർഥി ബോധവത്കരണ പ്രവർത്തനങ്ങൾ, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ക്ഷേമ പദ്ധതികൾ, പരിസ്ഥിതി ശുചീകരണം, വൃക്ഷത്തൈ നടീൽ, പൊതുപാർക്കുകളുടെ പരിപാലനം തുടങ്ങിയ മേഖലകളിലാകും സാമൂഹിക സേവനം ചെയ്യേണ്ടി വരിക.
ട്രാഫിക് നിയമ ലംഘനം മൂലം പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം സംഭവിച്ചാൽ അത് പുനഃസ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാനും കോടതിയ്ക്ക് നിർദേശിക്കാം എന്നും നിയമത്തിൽ പറയുന്നു.പുതിയ ശിക്ഷ നടപ്പാകുന്നുണ്ടോ എന്ന് ബന്ധപ്പെട്ട വകുപ്പുകൾ സ്ഥിരമായി പരിശോധിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയും ചെയ്യും. കോടതി നിർദേശിച്ച സാമൂഹിക സേവനമോ മറ്റ് ബദൽ ശിക്ഷകളോ പൂർത്തിയാക്കാൻ കുറ്റക്കാരൻ വിസമ്മതിച്ചാൽ, ആദ്യം വിധിച്ചിരുന്ന ജയിൽശിക്ഷ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.