എബോള വ്യാപനം: പുതിയ യാത്രാ മാർഗ്ഗനിർദേശങ്ങളുമായി യുഎഇ

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കുമായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ യാത്രാ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (UAE Ebola travel guidelines). നിലവിൽ യുഎഇയിൽ ആർക്കും തന്നെ എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.എബോളയുടെ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന വകഭേദമാണ് ഇപ്പോൾ ആഫ്രിക്കൻ മേഖലകളിൽ പടരുന്നത്. ഈ സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ പടരുന്ന ഈ പുതിയ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളൊന്നും ലഭ്യമായിട്ടില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, ആഗോളതലത്തിൽ ഇതൊരു വലിയ ഭീഷണിയാകാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ദേശീയ-അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി സഹകരിച്ച് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തികളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.