പ്രവാസികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസന നിർദേശങ്ങളും ഉൾപ്പെടുത്തി മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു

പ്രവാസികളുടെ  പ്രശ്നങ്ങളും കേരളത്തിന്റെ വികസന നിർദേശങ്ങളും ഉൾപ്പെടുത്തി  മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സുപ്രധാന പ്രശ്നങ്ങളും കേരളത്തിന്റെ വികസന നിർദേശങ്ങളും ഉൾപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) മിഡിൽ ഈസ്റ്റ് കൺവീനറും വിദേശകാര്യ നിരീക്ഷകനുമായ മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു .  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ബാധിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കുക എന്നതാണ് നിവേദനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

രാജ്യത്തെ ഏറ്റവും ആധുനികമായ വിമാനത്താവളമായിട്ടും വടക്കൻ കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്രയമായിട്ടും, ഡി.ജി.സി.എയുടെ (DGCA) “പോയിന്റ് ഓഫ് കോൾ” പദവി ലഭിക്കാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് ഇവിടെ സർവീസ് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി വിദേശ കമ്പനികൾക്ക് അനുമതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രവുമായി അടിയന്തരമായി ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ വൈദഗ്ധ്യവും തൊഴിൽ പരിചയവും ഉപയോഗപ്പെടുത്താൻ ഒരു കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ രൂപീകരിക്കണമെന്നും, പി.പി.പി മാതൃകയിൽ ജില്ലാതലത്തിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ, എച്ച്‌വിഎസി, ഫസിലിറ്റി മാനേജ്മെന്റ് സർവീസ് സംരംഭങ്ങൾ ആരംഭിക്കണമെന്നും മൻസൂർ പള്ളൂർ നിർദേശിച്ചു. ലോക കേരള സഭയെ ബിസിനസ്, ഐടി, ആരോഗ്യം, മാധ്യമം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി കൂടുതൽ പ്രൊഫഷണലും സുതാര്യവുമാക്കണം. ജിസിസി രാജ്യങ്ങളിൽ നിയമ-രേഖാപരമായ കാര്യങ്ങൾക്കും അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്കുമായി നോർക്കാ കൺസൾട്ടന്റുമാരെ നിയമിച്ചുകൊണ്ട് പ്രത്യേക പ്രവാസി സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ടൂറിസം, ആരോഗ്യം, സ്റ്റാർട്ടപ്പുകൾ, പുനരുപയോഗ ഊർജം എന്നിവയിൽ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഫാസ്റ്റ്-ട്രാക്ക് നിക്ഷേപ സംവിധാനം ഒരുക്കണമെന്നും, മടങ്ങിവരുന്ന സാധാരണക്കാരായ പ്രവാസികൾക്കായി കുറഞ്ഞ ചെലവിലുള്ള ആരോഗ്യ ഇൻഷുറൻസും പുനരധിവാസ സഹായവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, ആഗോള തലത്തിലെ മലയാളി പ്രൊഫഷണലുകളെയും ശാസ്ത്രജ്ഞരെയും കൃത്രിമ ബുദ്ധി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ പുരോഗതിക്കായി ബന്ധിപ്പിക്കുന്ന “ഗ്ലോബൽ കേരള നോളജ് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്ക്” രൂപീകരിക്കണമെന്നും നിവേദനത്തിലുണ്ട്. പ്രവാസികളുടെ ഈ ആശങ്കകൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. നിവേദനത്തിന്റെ പകർപ്പ് നോർക്ക ഡയറക്ടർ ജെ. കെ. മേനോനും കൈമാറിയിട്ടുണ്ട്