പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി; ബഹ്റൈന് കർശന മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: പ്രകോപനമുണ്ടായാൽ ബഹ്റൈനെതിരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ പരമോന്നത നേതാവിൻ്റെ ഉപദേഷ്ടാവ് അലി അക്ബർ വേലായത്തിയാണ് ബഹ്റൈന് കർശന മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു.ബഹ്റൈൻ അവരുടെ പരിധികൾ മനസ്സിലാക്കണമെന്നും സ്വന്തം വിധിയെവച്ച് ഇത്തരം കളികൾ കളിക്കരുതെന്നും അലി അക്ബർ വേലായത്തി പറഞ്ഞു. ഇറാനെക്കൊണ്ട് കടുത്ത തീരുമാനങ്ങൾ എടുപ്പിക്കാൻ നിർബന്ധിതരാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയതായി അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്ക മേഖലയിലെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങൾ ഈ അവകാശവാദം നിഷേധിച്ചു. ഇറാൻ്റെ ആക്രമണം തങ്ങളുടെ പരമാധികാരത്തിൻ്റെ ലംഘനമാണെന്നും മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും ബഹ്റൈൻ ഭരണകൂടം അപലപിച്ചു.