സീഷെൽസിന്റെ പരമോന്നത ബഹുമതി ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

വിക്ടോറിയ :സീഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെയും നേതൃത്വപാടവത്തെയും മുൻനിർത്തിയാണ് ഈ ആദരം. പ്രധാനമന്ത്രിയുടെ ഹരിത വികസന പദ്ധതികളും ആഗോള സുസ്ഥിര വളർച്ചയ്ക്കായുള്ള ശ്രമങ്ങളും സീഷെൽസ് ഭരണകൂടം പ്രത്യേകം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയാണിത്; നേരത്തെ, 2026 മെയ് മാസത്തിൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന അദ്ദേഹത്തിന് ‘അഗ്രിക്കോള മെഡൽ’ നൽകി ആദരിച്ചിരുന്നു. ഇതിനു പുറമെ 2018-ലെ സിയോൾ സമാധാന പുരസ്കാരം, ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ സീഷെൽസിലെത്തിയ പ്രധാനമന്ത്രി മോദിക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ചർച്ചയായ കൂടിക്കാഴ്ചയിൽ, സമുദ്ര പട്രോളിംഗിനായി ഇന്ത്യ നിർമ്മിച്ച കപ്പൽ സീഷെൽസിന് കൈമാറുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റിനൊപ്പം ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച മോദി അവിടെ വൃക്ഷത്തൈ നടുകയും ചെയ്തു.ഇന്ന് സീഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സീഷെൽസിലെ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങുന്ന അദ്ദേഹം, രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായും പങ്കെടുക്കും. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാളെ മടങ്ങുന്ന പ്രധാനമന്ത്രി, അടുത്ത ആഴ്ച ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്തും.