ഷുഐബ് അക്തറിൻ്റെ സഹോദരൻ്റെ സംസ്കാരച്ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ

ഇസ്ലാമാബാദ്: മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരച്ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ പങ്കെടുത്തത് വലിയ വിവാദമാകുന്നു. ജൂൺ 24-ന് അന്തരിച്ച ഷാഹിദിന്റെ സംസ്കാരച്ചടങ്ങിൽ ഇസ്ലാമാബാദിലെ എച്ച്-8 ശ്മശാനത്തിലാണ് ഭീകരസംഘടനയുടെ ഉന്നത നേതാക്കൾ പ്രത്യക്ഷപ്പെട്ടത്.ലഷ്കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, ലഷ്കറിന്റെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗിന്റെ പ്രസിഡന്റ് ഇൻമാം ഉർ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന കസൂരിയുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്കയാണ് ഉയർത്തുന്നത്. പാകിസ്ഥാന്റെ ഭീകരവാദത്തോടുള്ള തുടർച്ചയായ പിന്തുണയും ഭീകരർക്ക് ലഭിക്കുന്ന സംരക്ഷണവും ഇതിലൂടെ വ്യക്തമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട ജമാ അത്തുദ്ദഅ്വയുടെയും മില്ലി മുസ്ലിം ലീഗിന്റെയും പിൻഗാമിയായാണ് ഹഫീസ് സയീദ് പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗിനെ രൂപീകരിച്ചത്. അടുത്തിടെ നടന്ന പാകിസ്ഥാൻ തെരഞ്ഞെടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു. താൻ പാക് സൈന്യത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്നും, സൈനികരുടെ മൃതദേഹങ്ങൾക്ക് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാറുണ്ടെന്നും കസൂരി ഒരു വീഡിയോയിൽ സമ്മതിച്ചിരുന്നു.