ജലവിഭവ സഹകരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കി ജലവിഭവ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ‘സൗദി വാട്ടർ വീക്ക്’ സമ്മേളനത്തിനിടെയാണ് ഇരുരാജ്യങ്ങളും ഈ സുപ്രധാന കരാർ കൈമാറിയത്. സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് കരാർ ഔദ്യോഗികമായി കൈമാറിയത്.ജലവിഭവ ആസൂത്രണം, സുസ്ഥിരമായ ജല മാനേജ്മെന്റ്, ആധുനിക ജലസേചന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഈ മേഖലകളിലെ സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിനും ശേഷി വികസനത്തിനും പുതിയ പങ്കാളിത്തം വഴിയൊരുക്കും. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ആധുനിക ജലസേചന സംവിധാനങ്ങളിൽ മികച്ച പ്രവർത്തനരീതികൾ പങ്കുവെക്കുന്നതിനും ഈ കരാർ നിർണ്ണായകമാണ്