"ആരോഗ്യമേഖലയിൽ ഏകോപനമില്ല , എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ്" : മുഹമ്മദ് റിയാസ്

"ആരോഗ്യമേഖലയിൽ ഏകോപനമില്ല , എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ്" : മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഹമ്മദ് റിയാസാണ് പ്രതിപക്ഷത്തിന് വേണ്ടി നോട്ടീസ് നൽകിയത്. എന്നാൽ, വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രമേയത്തിനുള്ള അനുമതി തടയുകയായിരുന്നു.ആരോഗ്യമേഖലയിൽ ഏകോപനമില്ലെന്നും, അടിയന്തര സാഹചര്യത്തിലും ആരോഗ്യവകുപ്പിൽ സ്ഥലംമാറ്റങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. നാല് ജില്ലകളിൽ ഡിഎംഒമാരില്ലാത്തതും കോഴിക്കോട് ജില്ലയിലെ സ്ഥിതിയും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മുൻ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ നിപയേക്കാൾ അപകടകാരിയാണെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ, നിപ പ്രതിരോധത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടതായി വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ വിദേശത്ത് നിന്ന് മരുന്ന് എത്തിക്കാൻ സാധിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് വകുപ്പുതലത്തിൽ മികച്ച ഏകോപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് പ്രശ്നമെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ടെന്നും, ആരോഗ്യമേഖലയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്ത് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, പകർച്ചവ്യാധി പ്രതിരോധത്തിന് സർക്കാർ ശക്തമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മുഹമ്മദ് റിയാസ് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതിനിഷേധിച്ചതിൽ  പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്ക്കരിച്ചു.