ആരോഗ്യരംഗം പരാജയം, സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല’: പിണറായി വിജയൻ
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ യുഡിഎഫ് സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും ആരോഗ്യവകുപ്പിലെ ഭരണപരമായ അനാസ്ഥയും ചൂണ്ടിക്കാട്ടി നിയമസഭയിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.നിപ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ കോഴിക്കോട് എത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ വലിയ കാലതാമസം വരുത്തിയെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ നിലയിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ പോലും കൃത്യമായി ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു .കാലവർഷത്തിന് മുൻപ് നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ബാഹ്യ ഇടപെടലുകളിലൂടെ സ്ഥലംമാറ്റങ്ങൾ നടത്തുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കസേരകളി മൂലം താഴെത്തട്ടിലുള്ള പ്രവർത്തനം സ്തംഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്‌സി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നുണ്ടെന്നും, ഇത് നിക്ഷിപ്ത താല്പര്യങ്ങളുടെ ഭാഗമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പരസ്പര വിശ്വാസംനഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു .