"മൂക്കിൽ വലിച്ച് കയറ്റാമെന്ന് ആരും കരുതേണ്ട": ബിആർഎo. ഷഫീറിന് അനൂപ് വി.ആറിൻ്റെ മറുപടി
തിരുവനന്തപുരം: പരസ്യ വിഴുപ്പലക്കൽ പുനരാരംഭിച്ച് കോൺഗ്രസ്സ് . പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. കെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിൻ്റെ തുടർച്ചയായി ഉയർന്ന ഗ്രൂപ്പ് പോരിൽ, ബി.ആർ.എം ഷഫീറിൻ്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി യുവനേതാവ് അനൂപ് വി.ആർ രംഗത്ത്. തന്നെ മുൻപ് പാർട്ടി പദവികളിൽ കണ്ടിട്ടില്ലെന്ന ഷഫീറിൻ്റെ പ്രസ്താവന 100 % സത്യമാണെന്നും എന്നാൽ താൻ പാർട്ടിക്ക് വേണ്ടി നിൽക്കുമ്പോൾ ഷഫീർ കോൺഗ്രസിനെ തെറിവിളിച്ച് ഡി.ഐ.സിക്ക് വേണ്ടി പൈലറ്റ് പ്രസംഗം നടത്തി നടക്കുകയായിരുന്നുവെന്നും അനൂപ് പരിഹസിച്ചു.
താൻ തൃശൂർ ജില്ലാ കെ.എസ്.യു നേതൃത്വത്തിലും രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിൻ്റെ സ്റ്റേറ്റ് ഇൻ ചാർജായും പ്രവർത്തിച്ച കാലത്ത് ഷഫീർ സമസ്താപരാധം പറഞ്ഞ് പാർട്ടിയിലേക്ക് തിരികെ കയറിയിട്ടുണ്ടോയെന്ന് അറിയില്ലായെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം അടുപ്പിക്കാത്തത് കൊണ്ടാണോ അതോ ഉളുപ്പില്ലാത്തത് കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസ് വക്താവായി ചാനലുകളിൽ വന്നിരിക്കുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും അനൂപ് തുറന്നടിച്ചു.
ചാനൽ ചർച്ചകളിൽ പങ്കെടുത്ത ഒരു ഘട്ടത്തിലും താൻ കോൺഗ്രസിൻ്റെ നയനിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ല. സർക്കാരിനെ തിരുത്തുന്ന കാര്യത്തിൽ, ഇന്നത്തെ മുഖ്യമന്ത്രി മുൻപ് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് എം.എൽ.എയും പാർട്ടി വക്താവുമായിരുന്നപ്പോൾ ചെയ്തത് തന്നെയാണ് തനിക്ക് മാതൃക. അതിൻ്റെ പേരിൽ മൂക്കിൽ വലിച്ച് കയറ്റാമെന്ന് ആരും കരുതേണ്ടെന്നും അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേക്കണമെന്നും അനൂപ് വി.ആർ മുന്നറിയിപ്പ് നൽകി.
അതിനിടയിൽ കോൺഗ്രസ്സ് വക്താക്കളായി ചാനൽ ചർച്ചകളിൽ വരുന്നതിൽ നിന്നും അനൂപ് വി.ആറിനേയും ജിന്റോ ജോണിനെയും വിലക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നേതാവും വക്താവുമായ രാജു.പി.നായർ കെപിസിസി പ്രസിഡന്റിന് പരാതിനൽകി .കെപിസിസിക്ക് പരാതിനൽകി . കഴിഞ്ഞദിവസം ജിന്റോ ജോൺ ,വിഡി സതീശൻ്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു .
വിഡി സതീശനെ വിമർശിച്ച അനൂപ് വി.ആറിനെതിരെ ബിആർഎo. ഷഫീർ പറഞ്ഞത്
"പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ?ഇയാൾ എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നിൽ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്.ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോൾ നേരത്തെ പല ചർച്ചകളിലും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേ ഉള്ളു. കോൺഗ്രസ് പാർട്ടി കേരളത്തിൽ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ KPCC യിൽ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റിൽ ആരും ഇല്ല. ഞാൻ ഉൾപ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടി വി യിൽ മുഖം വരാനുള്ള അവസരം പാർടി നൽകിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാൽ അത് തള്ളിപ്പറയാതെ പറ്റില്ല.
ഇയാൾക്ക് ചർച്ചയിൽ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക. കുമ്പിടി ആവണ്ട..."