"പല്ലി വാൽ മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാനാകില്ല"; കെഎസ്‌യു അധ്യക്ഷനെ കാണാത്തതിൽ വി.ഡി. സതീശന് പാർട്ടിക്കുള്ളിൽ വിമർശനം

"പല്ലി വാൽ മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാനാകില്ല"; കെഎസ്‌യു അധ്യക്ഷനെ കാണാത്തതിൽ  വി.ഡി. സതീശന് പാർട്ടിക്കുള്ളിൽ വിമർശനം

മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്‌.യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്ന പരിഗണന പോലും കെ.എസ്‌.യു അധ്യക്ഷന് ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് വി.ആർ. അനൂപ് വിമർശിച്ചു. 

നേരത്തെ പി.എം. നിയാസും അലോഷ്യസ് സേവ്യറും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും, ഒരു കോൺഗ്രസുകാരന്റെ വികാരം എന്ന നിലയിലാണ് താൻ ഇക്കാര്യം ഉന്നയിക്കുന്നതെന്നും അനൂപ് പറഞ്ഞു. “പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.അനൂപിന്റെ വിമർശനത്തിനെതിരെ സതീശൻ പക്ഷത്തുള്ള രാജു പി. നായർ രംഗത്തെത്തി. മോഹഭംഗം സംഭവിച്ചവർ പാർട്ടിയുടെ മുഖത്ത് നോക്കി സംഘപരിവാറിൻ്റെയും സി.പി.എമ്മിൻ്റെയും പണിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ പരാതികളുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് മുഖ്യമന്ത്രിയോടോ കെ.പി.സി.സി അധ്യക്ഷനോടോ ആണെന്നും, മാധ്യമങ്ങളുടെ തോളിൽ കയറിയിരുന്ന് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് നിഷ്കളങ്കമല്ലെന്നും രാജു പി. നായർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.