റാഗിങ്; കാസർകോട് ഗവ.കോളജിൽ 13 സീനിയര്‍ വിദ്യാർഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കാസർകോട്: ഗവണ്‍മെന്‍റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. സീനിയര്‍ വിദ്യാര്‍ഥികളായ 13 പേരെയാണ് കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. ജൂലൈ 13ന് കോളജ് ക്യാമ്പസില്‍ വച്ചാണ് സംഭവം.പരാതിക്കാരനായ വിദ്യാര്‍ഥി കോളജിലെത്തിയപ്പോള്‍ ഒരു സംഘം വിദ്യാര്‍ഥികളെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തൂവെന്നാണ് ആരോപണം. റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ഥി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ കോളജിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കി.പരാതി പരിശോധിച്ച കോളജ് അധികൃതർ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തു. റാഗിങ് സംബന്ധിച്ച പരാതി ഗൗരവമായി കണക്കിലെടുത്ത് തുടർ നടപടിയെടുക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ വിദ്യാര്‍ഥി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പസിൽ റാഗിങ് അനുവദിക്കില്ലെന്ന കർശന നിലപാടാണ് കോളജ് അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.