"എൻസിഇആർടി ഇപ്പോൾ ബി.ജെ.പിയുടെ വകുപ്പ് ’; ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാർത്ഥികളിൽ വിഷം കുത്തിവയ്ക്കുന്നു" കെ.സി വേണുഗോപാൽ
ന്യൂഡൽഹി: 9താം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീർത്തിക്കുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽഎൻ.സി.ഇ.ആർ.ടി (NCERT) ഇപ്പോൾ ബി.ജെ.പിയുടെ ഒരു വകുപ്പായി മാറിയിരിക്കുകയാണെന്നും, ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാർത്ഥികളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാണെന്ന് പഠിപ്പിക്കുന്നത് വഴി നിഷ്കളങ്കരായ വിദ്യാർത്ഥികളെ വിഡ്ഢികളാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ‘തുല്യതയില്ലാത്തതാണ്’ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ‘നിഷ്പക്ഷമായി’ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നുമാണ് പുതിയ പാഠപുസ്തകത്തിലെ ‘ഇലക്ഷൻസ്’ എന്ന അധ്യായത്തിൽ പരാമർശിക്കുന്നത്. ഇതിനെതിരെയാണ് കെ.സി വേണുഗോപാൽ രംഗത്തെത്തിയത്. ഇതുകൂടാതെ, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ചട്ടങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
"കുട്ടികൾ എന്ത് പഠിക്കണമെന്ന് തീരുമാനിക്കുന്ന അക്കാദമിക് സ്ഥാപനമായിരുന്നു എൻസിഇആർടി. ഇപ്പോൾ, ഈ എൻസിഇആർടി ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാർഥികളുടെ മനസിൽ വിഷം കലർത്തുന്ന വസ്തുക്കൾ കുത്തിവയ്ക്കുന്ന ബിജെപി വകുപ്പായി മാറിയിരിക്കുന്നു... നിരപരാധികളായ വിദ്യാർഥികളെ നിങ്ങൾക്ക് എങ്ങനെ വിഡ്ഢികളാക്കാൻ കഴിയും?" അദ്ദേഹം എഎൻഐയോട് ചോദിച്ചു.
"നിങ്ങൾ വിദ്യാർഥികളെ നുണകൾ പഠിപ്പിക്കാൻ ശ്രമിക്കുകയാണ്... തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാണെന്ന് ധരിപ്പിച്ച് നിരപരാധികളായ വിദ്യാർഥികളുടെ മനസ്സിൽ വിഷം കലർത്താൻ അവർ ആഗ്രഹിക്കുന്നു. ഇത് അവരുടെ കുറ്റബോധത്തിൻ്റെ ഫലമാണ്..."
സർക്കാരിനെതിരെ പ്രവർത്തിക്കുന്ന എൻ.ജി.ഒകളെയും മറ്റ് സംഘടനകളെയും രാഷ്ട്രീയ പകപോക്കലിനായി സർക്കാർ ലക്ഷ്യമിടുകയാണെന്നും ഇത് ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന സംഭവമാണിതെന്നും ട്രസ്റ്റ് തന്നെ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.