പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ല: കെ. രാജൻ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ല: കെ. രാജൻ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജൻ . പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും ആ ഔദ്യോഗിക തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുന്നുവെന്നും കെ. രാജൻ മാധ്യമങ്ങളോട്  പറഞ്ഞു.

"പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തിൽ പാർട്ടി നേരത്തെ തന്നെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്. ആ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതിൽ ഒരു മാറ്റവുമില്ല, വരും ദിവസങ്ങളിൽ മാറ്റം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുമില്ല,” കെ. രാജൻ നിലപാട് വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയുടെ ആഭ്യന്തര യോഗങ്ങളിൽ ഭിന്നസ്വരമുയർന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കെ. രാജന്റെ ഈ പരസ്യ പ്രതികരണം. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ, ജനങ്ങളെ നേരിട്ട് ബാധിക്കാത്ത ഇത്തരം പദവികൾക്ക് വേണ്ടി മുന്നണിയിൽ കടുത്ത വാശിപിടിക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മുന്നണി രാഷ്ട്രീയപരമായ തിരിച്ചടി നേരിടുന്ന നിലവിലെ സാഹചര്യത്തിൽ കക്ഷികളെല്ലാം ഒന്നിച്ച് നിൽക്കണമെന്നും, പാർട്ടിയെ മാത്രം ബാധിക്കുന്ന പദവി പ്രശ്നങ്ങളെ മുഖ്യ അജണ്ടയായി ഉയർത്തിപ്പിടിച്ച് മുന്നണിയിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് എക്സിക്യൂട്ടീവിൽ ഉയർന്ന ഒരു വിഭാഗത്തിന്റെ വാദം. ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ആരുമായും തർക്കിക്കാമെങ്കിലും പാർട്ടി കാര്യങ്ങളിൽ അനാവശ്യ പിടിവാശി പാടില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാൽ, ഭരണഘടനപരവും രാഷ്ട്രീയപരവുമായ അർഹതയുള്ള പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന ശക്തമായ അഭിപ്രായം യോഗത്തിൽ ഒരുവിഭാഗം നേതാക്കൾ ഉയർത്തിയതോടെയാണ് നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്