സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾ ആത്മഹത്യ ചെയ്ത സംഭവം: പ്രതി സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾ  ആത്മഹത്യ ചെയ്ത സംഭവം: പ്രതി സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

എറണാകുളം :വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവതികള്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും ഉടന്‍ നല്‍കും. 

പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് സിന്ധുവിൻ്റെ  വീട്ടില്‍ പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്ന്   വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും ബില്‍ ബുക്കും പോലീസ് കണ്ടെടുത്തു. പ്രതി പിടിയിലായതറിഞ്ഞ് 10 ഓളം പുതിയ പരാതികളാണ് പൊലീസിന് ലഭിച്ചത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് വിവരങ്ങള്‍,കാള്‍ ഡീറ്റെല്‍സ് എന്നിവ പരിശോധിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പ്രതിക്കെതിരെ കോവളം പൊലീസ് സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ട് കേസും മലയിന്‍കീഴ് സ്റ്റേഷനില്‍ വഞ്ചനാ കുറ്റത്തിനും കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കടബാധ്യത കൂടിയതോടെ യുവതികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിൻ്റെ  കണ്ടെത്തല്‍. മരിച്ച അഞ്ജു 20 പവനും,ഐശ്വര്യ 50വനും പ്രതിയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം കോവളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എത്തിച്ച് വില്പന നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞം പോലീസ് ഉടന്‍ അപേക്ഷ നല്‍കും.