പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണങ്ങളിൽ സിബിഐ അന്വേഷണം വേണം

എറണാകുളം: കൊല്ലംങ്കോട് കേസ് കൂടാതെ ദുരൂഹത നിലനിൽക്കുന്ന 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമികാന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. അന്വേഷണം നടത്തി റിപ്പോർട്ട് രണ്ട് മാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് .
കൊല്ലംങ്കോട്ടെ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി കൊല്ലംങ്കോട് കേസന്വേഷണം ക്രൈം ബ്രാഞ്ച് നടത്തിയെങ്കിലും യാതൊരു വ്യക്തതയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് ഹൈക്കോടതി കേസ് കൈമാറിയത്.
സലിൽ ലാൽ അഹമ്മദ് ഉൾപ്പെടെയുള്ള ഒരു കൂട്ടം സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നേരത്തെ വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു. തുടർന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ സാമൂഹ്യ പ്രവർത്തകർ പൊതു താൽപ്പര്യ ഹർജി നൽകിയത് .