കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; അനുമതിയുള്ള 7 സബ് ക്ലാസ് ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഏതൊക്കെ കെഎസ്ആർടിസി ബസുകളിലാണ് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുക എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ‘സബ് ക്ലാസ്’ ലിസ്റ്റ് കെഎസ്ആർടിസി അധികൃതർ പുറത്തിറക്കി.
സൗജന്യയാത്ര അനുവദിക്കുന്ന ബസ്സുകൾ :
കെഎസ്ആർടിസിയുടെ ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന ഓർഡിനറി , സിറ്റി ഓർഡിനറി,ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി,ടൗൺ ടു ടൗൺ ,ഫെയർ സ്റ്റേജ് ഓർഡിനറി,പോയിന്റ് ടു പോയിന്റ് ഓർഡിനറി ,ഗ്രാമവണ്ടി എന്നിവയിലാണ് സൗജന്യയാത്ര അനുവദിക്കുക.
സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും
പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകി ഔദ്യോഗിക ഉത്തരവിറക്കിയത്. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ സബ്‌സിഡിയായി കോർപ്പറേഷന് നൽകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.വരുന്ന ജൂൺ 15 തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ഇതോടെ ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റിന് പകരം പണം ഈടാക്കാത്ത പ്രത്യേക യാത്രാ പാസുകളോ ‘സീറോ വാല്യൂ’ ടിക്കറ്റുകളോ നൽകാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.
2,900-ലധികം ഓർഡിനറി ഷെഡ്യൂളുകൾ
നിലവിൽ സംസ്ഥാനത്തുടനീളമായി കെഎസ്ആർടിസിക്ക് ആകെ 2,927 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. എന്നാൽ ജീവനക്കാരുടെ കുറവ്, കമ്മീഷൻ വ്യവസ്ഥകൾ, ബസുകളുടെ അറ്റകുറ്റപ്പണി എന്നിവ കാരണം ഇവയെല്ലാം നിലവിൽ പൂർണ്ണമായി സർവ്വീസ് നടത്താറില്ല. യാത്രക്കാരുടെ തിരക്കും ആവശ്യകതയും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാറുണ്ട്.റൂട്ടുകളുടെ പ്രാദേശിക കണക്കുകൾ നോക്കുകയാണെങ്കിൽ, തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി സർവ്വീസുകളുള്ളത്—1,268 ഷെഡ്യൂളുകൾ. മധ്യകേരളത്തിൽ 831 ഷെഡ്യൂളുകളും മലബാർ ഉൾപ്പെടുന്ന വടക്കൻ ജില്ലകളിൽ 828 ഓർഡിനറി ഷെഡ്യൂളുകളുമാണ് നിലവിലുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ പ്രതീക്ഷ.