തിരുവനന്തപുരത്ത് പ്രമുഖ ബേക്കറിയിലെ ഓറഞ്ച് ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയെ കണ്ടെത്തി.

തിരുവനന്തപുരത്ത്  പ്രമുഖ ബേക്കറിയിലെ ഓറഞ്ച് ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയെ കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി പരത്തിക്കൊണ്ട് കാട്ടാക്കടയിലുള്ള പ്രമുഖ ബേക്കറിയിൽ വിറ്റ  ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി . കാർത്തിക ബേക്കറി’യിൽ വിൽപനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന ഓറഞ്ച് ജ്യൂസിന്റെ സാമ്പിളിലാണ് മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മെയ് 29-നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കാട്ടാക്കട ജംഗ്ഷനിലെ ഈ ബേക്കറിയിൽ നിന്ന് പതിവ് പരിശോധനകളുടെ ഭാഗമായി ഓറഞ്ച് ജ്യൂസിന്റെ സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് തിരുവനന്തപുരം വഞ്ചിയൂരിലുള്ള ചീഫ് ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിലേക്ക്  ഇത് വിശദമായ രാസപരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഇവിടെ നടത്തിയ കർശനമായ ശാസ്ത്രീയ പരിശോധനയിലാണ് ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഈ പാനീയം മനുഷ്യർക്ക് ഉപയോഗിക്കാൻ ഒട്ടും സുരക്ഷിതമല്ലെന്ന ഔദ്യോഗിക ലബോറട്ടറി റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാക്കട ഗ്രാമപഞ്ചായത്തിനും മറ്റ് ഉന്നത ആരോഗ്യ അധികാരികൾക്കും കൈമാറിക്കഴിഞ്ഞു. ദിവസേന നിരവധി ആളുകൾ വന്നുപോകുന്ന വലിയൊരു ബേക്കറിയായതിനാൽ, ഈ ബാക്ടീരിയ കലർന്ന ജ്യൂസ് ധാരാളം ഉപഭോക്താക്കൾ കുടിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച ലബോറട്ടറി റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ കാർത്തിക ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ്  പൂട്ടി സീൽ  ചെയ്തു. ജ്യൂസ് അടിക്കാൻ ഉപയോഗിച്ച മലിനമായ വെള്ളത്തിലൂടെയോ അല്ലെങ്കിൽ ഐസിലൂടെയോ ആകാം ബാക്ടീരിയ ജ്യൂസിൽ കലർന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ബേക്കറിയിൽ നിന്ന് അടുത്തിടെ ജ്യൂസ് കുടിച്ചവർക്ക് കടുത്ത വയറിളക്കം, മലത്തോടൊപ്പം രക്തവും കഫവും പോകുക, കടുത്ത പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അറിയിച്ചു. പ്രദേശത്തെ മറ്റ് ഹോട്ടലുകളിലും കോൾഡ് സ്റ്റോറേജുകളിലും വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കും