'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍യില്‍ തർക്കം അതിരൂക്ഷം: പ്രസിഡണ്ട് ശ്വേത മേനോൻ ഇറങ്ങിപ്പോയി

'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍യില്‍ തർക്കം അതിരൂക്ഷം:  പ്രസിഡണ്ട് ശ്വേത മേനോൻ ഇറങ്ങിപ്പോയി

എറണാകുളം : മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വരവ് ചെലവ് കണക്കുകളെച്ചൊല്ലി  ഗംഭീര തർക്കം.രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചു. യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാല്‍ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ താരം  വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിർന്ന അംഗങ്ങള്‍ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടത്തുകയാണ്.

ഇന്ന് രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച്‌ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളില്‍ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

മോഹൻലാല്‍ ഇടപെടണം

അംഗങ്ങള്‍ തമ്മില്‍ പരസ്പരം തർക്കം രൂക്ഷമായതോടെ, ഈ വിഷയത്തില്‍ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാല്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യോഗത്തില്‍ അതീവ വൈകാരികമായാണ് മോഹൻലാല്‍ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, വാർഷിക റിപ്പോർട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. രാവിലെ മോഹൻലാലാണ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തത്.