വാടക കെട്ടിടത്തിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം

വാടക കെട്ടിടത്തിലെ അനാശാസ്യ കേന്ദ്രത്തിൽ  കൊലപാതകം

തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നടന്ന തർക്കത്തിനിടെ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. 27കാരനായ ധൻപതി നായിക്കാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 18-ാം തീയതി രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കോരപ്പത്ത് ലൈനിലെ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ വെച്ചാണ് ധൻപതി നായിക്കും സംഘവും ആക്രമിക്കപ്പെട്ടത്. ഹോട്ടൽ ജീവനക്കാരായ ധൻപതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവർ കേന്ദ്രത്തിലെത്തിയപ്പോൾ പണം നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു.തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, റുബീന ബീഗം, നശ്രിൻ അക്താര, മച്ചാനി ഖാതൂൻ എന്നിവർ ചേർന്ന് ധൻപതിയെയും സംഘത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മക്കറ മാജിക്ക് ചെറിയ പരിക്കുകളേറ്റിരുന്നു.ഏഴ് മാസം മുൻപാണ് സംഘം ഇവിടെ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭ കേന്ദ്രം ആരംഭിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വീടിന്റെ പിൻഭാഗത്തെ ഗേറ്റ് വഴിയായിരുന്നു ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാന ഇടപാടുകാർ. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബിച്ചു നായിക്കിനായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.