കൊച്ചി ഷിപ്പ്‌യാർഡിൽ പണിയുന്ന കപ്പലിൽ 'ഐ ലവ് പാകിസ്ഥാൻ' : രാജ്യദ്രോഹം ചുമത്തി കേസെടുത്തു

എറണാകുളം: രാജ്യത്തിൻ്റെ അഭിമാനമായ കൊച്ചി കപ്പൽ നിർമാണശാലയിൽ അതീവ ഗൗരവമുള്ള സുരക്ഷാ വീഴ്‌ച. നിർമാണത്തിലിരിക്കുന്ന ഒരു വലിയ കപ്പലിൻ്റെ ഉൾച്ചുമരിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് 'ഐ ലവ് പാകിസ്ഥാൻ' എന്ന് കൊത്തിവെച്ചതായി കണ്ടെത്തി. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്. യുകെ ആസ്ഥാനമായുള്ള 'നോർത്ത് സ്റ്റാർ ഷിപ്പിംഗ്' കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വസലിലാണ് ഈ എഴുത്ത് കണ്ടെത്തിയത്.
200 ഓളം തൊഴിലാളികളെ ചോദ്യം ചെയ്‌തു
കപ്പലിൻ്റെ അറ്റകുറ്റപ്പണികൾ നക്കുന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നതായി എറണാകുളം സൗത്ത് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നു. ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വഷണം. കപ്പൽശാലയിലെ 200 ലധികം ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് രാജ്യദ്രോഹം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കപ്പലിൽ പ്രവേശിക്കാൻ സാധ്യതയുള്ള ജീവനക്കാരെ ചോദ്യം ചെയ്‌തിട്ടുണ്ട്, സാധ്യമായ എല്ലാ ശാസ്ത്രീയ തെളിവുകളും ഞങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കപ്പൽശാലയിലെ ബയോമെട്രിക് പഞ്ചിംഗ് വിവരങ്ങളും എൻട്രി രജിസ്റ്ററുകളും പൊലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ഷിപ്പ്‌യാർഡ് മാനേജ്‌മെൻ്റിൻ്റെയും സി.ഐ.എസ്.എഫിൻ്റെയുംയും പരാതിയെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രവർത്തികൾക്കെതിരെ ഉപയോഗിക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരമാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്.അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ 'ഐ ലവ് പാകിസ്‌താൻ എന്ന എഴുത്ത് കണ്ടെത്തിയത് ഏറെ ഗൗരവമേറിയ വിഷയമാണെന്ന് നിയമ വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം രാജ്യത്തിൻ്റെ സുരക്ഷയെയും പരമാധികാരത്തെയും തകർക്കുന്നതായാണ് പൊലീസ് പറയുന്നത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത പൊലീസ് ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾകെതിരെയുള്ള കുറ്റങ്ങളെ ശിക്ഷിക്കുന്നതാണ് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 152. ആരെങ്കിലും മനഃപൂർവ്വമോ അറിഞ്ഞോ, വാക്കുകളിലൂടെയോ, എഴുതിയതോ, പറഞ്ഞതോ, അടയാളങ്ങളിലൂടെയോ, ദൃശ്യ പ്രതിനിധാനത്തിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാർഗങ്ങൾ ഉപയോഗിച്ചോ, അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ, വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ, ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടപ്പെടുത്തുകയോ ചെയ്താൽ സെക്ഷൻ 152 പ്രകാരം ജീവപര്യന്തം തടവോ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാക്കുന്നതുമായ കുറ്റമാണിത്.
കപ്പൽ കൊച്ചിയിൽ എത്തുന്നതിന് മുൻപാണോ ഇത് എഴുതിയതെന്ന് സംശയം ഉയർന്നിരുന്നെങ്കിലും പഴക്കമില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. കേന്ദ്ര ഏജൻസികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിച്ച കൊച്ചി ഷിപ്പ്‌യാർഡിൽ ഇത്തരമൊരു സന്ദേശം പ്രത്യക്ഷപ്പെട്ടത് ഒട്ടും നിസ്സാരമായി കാണാൻ കഴിയില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തിന് അകത്തുനിന്നുള്ള ആരുടെയെങ്കിലും ഒത്താശ ഇതിന് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.