ജി സുധാകരനെതിരെ നിയമനടപടിയുമായി സിപിഐഎം : നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയിൽ പാർട്ടി നേതൃത്വത്തിനെതിരെ ജി സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് വി ജി വിഷ്ണു വക്കീൽ നോട്ടീസ് അയച്ചു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നോട്ടീസിലെ ആവശ്യം.ആലപ്പുഴയിലെ പ്രസംഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ ജി സുധാകരൻ നടത്തിയ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ എന്നതടക്കമുള്ള പരാമർശങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിലുള്ളത്. സമുന്നതരായ നേതാക്കളെയും സാധാരണ പാർട്ടി പ്രവർത്തകരെയും അപമാനിക്കുന്ന വിധത്തിലാണ് സുധാകരന്റെ പരാമർശങ്ങളെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പാർട്ടി വ്യക്തമാക്കി.ജി സുധാകരന്റെ വിവാദ ആരോപണം വലിയ ചർച്ചയായിരുന്നു. ദീർഘനാളായി സുധാകരനും ജില്ലാ നേതൃത്വവും തമ്മിൽ വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഈ തർക്കത്തിൽ ഒരു നിയമനടപടി ഉണ്ടാകുന്നത്.