നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജില്ലാ നിയമസഹായ വേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.പ്രതിയുടെ കൗൺസിലിങ് പെരുമാറ്റം, ശരീരഭാഷ, മാനസിക നില എന്നിവ വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാകും കോടതി അന്തിമ വിധി പറയുക. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുക. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സുധാകരന്റെ കുടുംബമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.ആറ് വർഷം മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.