രാജരാജവർമ്മയെ തള്ളി പന്തളം കൊട്ടാരം: "രാജരാജവർമ്മ,മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രം"

രാജരാജവർമ്മയെ തള്ളി പന്തളം കൊട്ടാരം: "രാജരാജവർമ്മ,മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രം"

പത്തനംത്തിട്ട :ശബരിമലയിലെ ആചാരങ്ങളോടും തന്ത്രിയുമായുള്ള ബന്ധത്തോടും ഉടമസ്ഥാവകാശത്തോടും ബന്ധപ്പെട്ട് രാജരാജവർമ്മ നടത്തിവരുന്ന അഭിപ്രായപ്രകടനങ്ങൾക്കെതിരെ പന്തളം കൊട്ടാരം. അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ പന്തളം കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും, പൂർണ്ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സംഘം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.പന്തളം കൊട്ടാരത്തിലെ മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണ് രാജരാജവർമ്മയെന്ന് കൊട്ടാരം നിർവ്വാഹക സംഘം വ്യക്തമാക്കി.

കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാടുകൾ അറിയിക്കാൻ ചുമതലപ്പെട്ടിരിക്കുന്നത് വലിയതമ്പുരാനും കൊട്ടാരം കുടുംബാംഗങ്ങളുടെ സംഘടനയായ നിർവ്വാഹക സംഘവും മാത്രമാണ്. അതിനാൽ, രാജരാജവർമ്മയുടെ പ്രസ്താവനകളെ കൊട്ടാരത്തിന്റെ തീരുമാനമായി കാണേണ്ടതില്ലെന്ന് പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മയും സെക്രട്ടറി സുരേഷ് വർമ്മയും ഒപ്പിട്ട വാർത്താക്കുറിപ്പിൽ ഊന്നിപ്പറയുന്നു.രാജരാജവർമ്മ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന ഓരോ പ്രതികരണവും വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും, അതിനെ കൊട്ടാരവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും നിർവ്വാഹക സംഘം നിർദ്ദേശിച്ചു.