കരുവന്നൂർ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം

കരുവന്നൂർ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഇഡി കേസിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് സിപീഎം സംസ്ഥാന സെക്രട്ടറിയേറ്റ്.  സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും സിപീഎം ജില്ലാ സെക്രട്ടറിമാരെയും പ്രതിചേർക്കുന്ന നടപടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. കള്ളക്കേസുകളിലൂടെ നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും അവരുടെ ദാസന്മാരായി പ്രവർത്തിക്കുന്ന ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും വ്യാമോഹം മാത്രമാണെന്ന് സിപീഎം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് തുടങ്ങിയ നേതാക്കളെ കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയെന്നോ പൊതുപണം കൊള്ളയടിച്ചെന്നോ പറഞ്ഞാൽ ഈ നാട്ടിൽ ആരും തന്നെ വിശ്വസിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് ഇവരെ കേസിൽ പ്രതിചേർത്തിരിക്കുന്നത് എന്ന് വ്യക്തമാണ്. ബിജെപിയുടെ താല്പര്യങ്ങൾക്കനുസരിച്ച് ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണിത്. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ പാർട്ടിയെ കിട്ടില്ലെന്ന് സിപീഎം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.