വീണ്ടും ചികിത്സാ പിഴവ്; പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കൈ ഒടിഞ്ഞു

വീണ്ടും ചികിത്സാ പിഴവ്; പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കൈ ഒടിഞ്ഞു

കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്. പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞുവെന്ന പരാതിയുമായി മാതാപിതാക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി.

മെയ് 14-ാം തീയതിയാണ് കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് സ്വദേശി അമലയുടെ പ്രസവത്തിനിടെ കുഞ്ഞിൻ്റെ കയ്യൊടിഞ്ഞത്. പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ വലതുകൈ ഒടിയുകയായിരുന്നു. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് ഒടിയാൻ ഇടയാക്കിയതെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തിനുശേഷം ആശുപത്രി അധികൃതർ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് പ്ലാസ്‌റ്ററിട്ടാണ് കുഞ്ഞിനെ കൈമാറിയത്.

ജനനസമയത്ത് കുഞ്ഞിന് മൂന്നര കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുഞ്ഞ് പുറത്തേക്ക് വരാതെയായതോടെ ശക്തിപ്രയോഗിച്ചപ്പോഴാണ് കൈ ഒടിച്ചതെന്നാണ് അമലയോട് ഡോക്‌ടർമാർ ആദ്യം നൽകിയ വിശദീകരണം. അടുത്ത ദിവസം കുഞ്ഞിൻ്റെ കൈയിൽ ഇട്ട പ്ലാസ്‌റ്റർ അഴിഞ്ഞുവീണതോടെ കൈ നീല നിറത്തിലായി. ഇക്കാര്യം മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്‌ടർമാരെ അറിയിച്ചിട്ടും ആരും വന്നുനോക്കിയില്ല. ഇതോടെ കുഞ്ഞിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഭാരം കൂടുതലുള്ള കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ ഇങ്ങനെ സംഭവിക്കാനിടയുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സംഭവത്തിൽ സൂപ്രണ്ടിനോട് പ്രിൻസിപ്പൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.