കനത്ത പരിശോധനയും സുരക്ഷാ സംവിധാനങ്ങളും,എന്നിട്ടും എൻഐടിയിൽ ക്വാർട്ടേഴ്‌സ് കള്ളൻ കയറി

കനത്ത പരിശോധനയും സുരക്ഷാ സംവിധാനങ്ങളും,എന്നിട്ടും എൻഐടിയിൽ ക്വാർട്ടേഴ്‌സ്  കള്ളൻ കയറി

കോഴിക്കോട്: ചാത്തമംഗലം എൻഐടി കോമ്പൗണ്ടിനകത്തെ ക്വാർട്ടേഴ്‌സിൽ മോഷണം. എഫ്എഫ് എന്ന പേരിലുള്ള രണ്ട് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് ക്വാർട്ടേഴ്‌സ് മുറികളിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഒൻപത് പവനിലേറെ സ്വർണാഭരണങ്ങളും പതിനാറായിരം രൂപയുമാണ് മോഷണം പോയത്.ഓരോ പോയിൻ്റുകളിലും കനത്ത പരിശോധനയും സെക്യുരിറ്റി സംവിധാനങ്ങളും ഉള്ള എൻഐടിയിലാണ് ഇത്തരത്തിൽ മോഷണം നടന്നിരിക്കുന്നത്. ഏഴ് ക്വാർട്ടേഴ്‌സുകളുടെയും പ്രധാന വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്‌ടാവ് അകത്ത് കടന്നത്. സംഭവം നടക്കുന്ന സമയത്ത് ക്വാർട്ടേഴ്‌സുകളിൽ താമസക്കാർ ഉണ്ടായിരുന്നില്ല. രാവിലെ താമസക്കാർ എത്തിയപ്പോഴാണ് വാതിലുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ വിവരം അറിയുന്നത്.തുടർന്ന് ക്വാർട്ടേഴ്‌സുകളിലെ താമസക്കാർ കുന്ദമംഗലം പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ രണ്ടു ക്വാർട്ടേഴ്‌സുകളിൽ നിന്ന് സ്വർണം നഷ്‌ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്ഇതിൽ എൻഐടിയിലെ നഴ്‌സായി ജോലി ചെയ്യുന്ന അമൃതയുടെ എട്ടര പവനിലേറെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.മുറിക്കകത്തെ അലമാരയിലായിരുന്നു സ്വർണാഭരണങ്ങൾ സൂക്ഷിച്ചത്. അലമാരയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. റൂമിനകത്ത് മുഴുവൻ സാധനസാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. മോഷണം നടന്ന മുറികളിൽ റോഡ് ഗോൾഡ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും മോഷ്‌ടാവ് എടുത്തിട്ടില്ല. കൂടാതെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയൊക്കെ മുറിയിൽ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും പ്രതി കൊണ്ടുപോയിട്ടില്ല.

അമൃതയുടെ ക്വാർട്ടേഴ്‌സിനോട് ചേർന്നുള്ള മറ്റൊരു ക്വാർട്ടേഴ്‌സിലും സ്വർണം മോഷണം പോയിട്ടുണ്ട്. ഇവിടെ താമസിക്കുന്ന എൻഐടി ജീവനക്കാരിയായ ഫൗസിയയുടെ അരപ്പവനോളം സ്വർണാഭരണങ്ങളും പതിനാറായിരം രൂപയുമാണ് മോഷണം പോയത്. മറ്റ് അഞ്ച് ക്വാർട്ടേഴ്‌സുകളിലും മോഷണ ശ്രമം നടന്നെങ്കിലും യാതൊന്നും നഷ്‌ടപ്പെട്ടിട്ടില്ല.രാവിലെയാണ് സംഭവം സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ തന്നെ നമ്മൾ പൊലീസിൽ പരാതി കൊടുത്തു. ഏകദേശം ഒൻപത് പവനോളം സ്വർണമാണ് മോഷണം പോയതെന്നാണ് കരുതുന്നത്. വെക്കേഷൻ ആയതുകൊണ്ട് തന്നെ പല ക്വാട്ടേഴ്‌സിലും താമസക്കാറില്ല. ഡോഗ്‌ സ്‌ക്വാഡും ഫോർൻസിക്കുമെല്ലാം പരിശോധന നടത്തുന്നുണ്ട്. അതിന് ശേഷം മറ്റ് വിവരങ്ങൾ അരിയിക്കുന്നതായിരിക്കമെന്ന് പിആർഒ അശ്വിൻ ബാബു പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മോഷണം നടന്ന മുറികളിൽ നിന്നും മോഷ്‌ടാവിൻ്റേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചതായി കുന്ദമംഗലം എസ് ഐ ബാലു കെ അജിത്ത് അറിയിച്ചു. കൂടാതെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾഎത്രയും പെട്ടെന്ന് ശേഖരിച്ച് ഊർജിത അന്വേഷണം നടത്തുമെന്നും എസ്ഐ അറിയിച്ചു.