മിഥുന മാസ പൂജകൾക്കായി ശബരിമല നട തുറന്നു

മിഥുന മാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മിഥുന മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കോരി ചൊരിയുന്ന മഴയിലും ആയിരങ്ങളാണ് അയ്യനെ വണങ്ങാൻ കാത്ത് നിന്നത്.മിഥുന മാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്‌ട ബന്ധ കലശ ചടങ്ങുകൾ നാളെ മുതൽ മൂന്ന് (ജൂൺ, 15, 16, 17) ദിവസങ്ങളിലായി നടക്കും . മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത‍്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ പ്രത‍്യേക അനുമതി വാങ്ങിയാണ് എസ്‌ഐടി സംഘത്തിന്‍റെ പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് പരിശോധന.ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലം ഉൾപ്പെടെ ഇളക്കിയാണ് പരിശോധന നടത്തുന്നത്. കട്ടിളപ്പാളിയുടെ മുകള്‍ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഇളക്കിയെടുക്കുന്ന ഭാഗങ്ങളുടെ തൂക്കം കൃത്യമായി അളന്ന് തിട്ടപ്പെടുത്താന്‍ ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.മിഥുന മാസ പൂജകള്‍ക്കായി നടതുറന്നതിന് ശേഷമാണ് പരിശോധന. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഏപ്രിലില്‍ നടന്ന പരിശോധനയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഒഴിവാക്കിയിരുന്നു.പ്രഭാമണ്ഡലത്തില്‍ നിന്ന് സ്വർണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന.രിശോധനകള്‍ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അവസാന ഘട്ട സാമ്പിൾ പരിശോധനയിൽ ലഭിക്കുന്ന അന്തിമ റിപ്പോർട്ട്‌ കേസിൽ നിർണായകമാകും.

കൂടാതെ വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിക്ക് ഇന്ന് തുടക്കമായി. ശബരിമല ദർശനത്തിനായി എത്തുന്ന ഓരോ ഭക്തനും ഒരു വൃക്ഷത്തൈ വീതം നടുക അല്ലെങ്കിൽ പരിപാലിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.പമ്പയിലും സന്നിധാനത്തും പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിലും വനം വകുപ്പിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നേതൃത്വത്തിൽ ഭക്തർക്കായി ഔഷധച്ചെടികളും നാടൻ മരങ്ങളുടെ തൈകളും വിതരണം ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ എത്തുന്ന ഭക്തർക്ക് ഈ തൈകൾ വാങ്ങി പൂങ്കാവനത്തിൽ നടാവുന്നതാണ്.