പാലക്കാട്ട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന തിരുത്തി ഡിഎംഒ

പാലക്കാട്ട് കോളറ സ്ഥിരീകരിച്ചെന്ന  ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന  തിരുത്തി  ഡിഎംഒ

പാലക്കാട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരൻ്റെ  പ്രസ്താവന തിരുത്തി ആരോഗ്യവകുപ്പ് . കോളറ ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചിരുന്നെങ്കിലും, പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി വി റോഷ് വ്യക്തമാക്കി. വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കോളറ സംശയം ഉയര്‍ന്നത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.'പഴയ ലക്കിടിയില്‍നിന്നും, ഓങ്ങല്ലൂരില്‍ നിന്നുമുള്ള രോഗികളില്‍ കോളറയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഇരുവര്‍ക്കും കോളറയില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്' -ഡോ. റോഷ്  പറഞ്ഞു. ഇതോടെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ 'കോളറ സ്ഥിരീകരിച്ചു' എന്ന പരാമര്‍ശം പിന്‍വലിച്ച് 'കോളറ സംശയം' എന്നാക്കി തിരുത്തി.പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്നായിരുന്നു നേരത്തെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കോഴിക്കോട് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൻ്റെ പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചുവരികയാണ്. ഇതിനിടെയാണ് പിന്നീട് തിരുത്തേണ്ടിവന്ന മന്ത്രിയുടെ കോളറ പരാമര്‍ശവും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.