കരിപ്പൂർ സ്വർണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അർജുൻ ആയങ്കിയിലേക്ക്

കരിപ്പൂർ സ്വർണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അർജുൻ ആയങ്കിയിലേക്ക്

കോഴിക്കോട്: കരിപ്പൂർ സ്വർണം പൊട്ടിക്കല്‍ കേസില്‍ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം കവരാൻ കണ്ണൂരില്‍ നിന്നുള്ള സംഘമെത്തിയത് അർജുന്റെ നിർദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.അർജുൻ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. തെളിവുകള്‍ ലഭിച്ചാല്‍ അർജുനെ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിമാന്റില്‍ കഴിയുന്നവർ ക്കായി ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് നീക്കം. വിദേശത്തു നിന്നും സ്വർണം കടത്തിയത് എ ആർ നഗർ സ്വദേശിക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങി.ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ വിദേശത്ത് നിന്നെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നീടാണ് സ്വർണം പൊട്ടിക്കല്‍ കേസില്‍ നിർണായക വഴിത്തിരിവായ അറസ്റ്റുണ്ടായത്. സ്വർണം പൊട്ടിക്കല്‍ സംഘങ്ങള്‍ തേടിയെത്തിയ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ച്‌ സല്‍മാൻ സാലിഹ് മുങ്ങുകയായിരുന്നു.സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തി. സല്‍മാൻ സാലിഹ് കൊണ്ടു വരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേ സമയം 5 സ്വർണം പൊട്ടിക്കല്‍ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളില്‍ പെട്ടവരാണെന്നാണ് വിവരം.

 കാരിയറായ സല്‍മാന് സ്വർണ്ണം കൈമാറുന്നതിനായി കണ്ണൂർ സ്വർണം പ്പൊട്ടിക്കല്‍ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നതെന്ന വിവരവും പുറത്ത് വന്നിരുന്നു. അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങള്‍ക്ക് നല്‍കാൻ സല്‍മാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും വെട്ടിച്ച്‌ സല്‍മാൻ സ്വന്തം സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങുകയായിരുന്നു