"[പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇ.ഡിയുടെ ഏജൻ്റാകുന്നത് അവസാനിപ്പിക്കണം " :എം എ .ബേബി
തൃശൂർ: രാഷ്‌ട്രീയമായി എതിർ ചേരിയിലായത് കൊണ്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ പറ്റില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആരും രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇ.ഡിയുടെ ഏജൻ്റാകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ച് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി. ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' മുന്നണി രൂപീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുകയാണ്."രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളതിനാൽ എനിക്ക് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ല" എന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. പഴയൊരു സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് എംഎ ബേബി രാഹുലിനെതിരെ ശക്തമായ പരിഹസിച്ചു. പാർലമെൻ്റിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയുടെ ചിത്രം രാജ്യം കണ്ടതാണെന്നും, രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ള പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറ്റാത്ത രാഹുലിന് ആർ.എസ്.എസ് പ്രചാരകനായ നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചു.നരേന്ദ്ര മോദി സർക്കാരിനും ഇ.ഡിക്കും വേണ്ടി പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ സൗകര്യമൊരുക്കുന്ന ആളായി രാഹുൽ ഗാന്ധി മാറരുത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ജോലിയല്ലെന്നും ബേബി വിമര്‍ശിച്ചു.