പിണറായിയുടെ വസതിയിലെ റെയ്‌ഡ് ; ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡി ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരീഷ് കുമാറിന് ജാമ്യം നൽകിയത് സർക്കാർ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീൽ നൽകിയത്. കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ശക്തമായ വാദങ്ങളാണ് കേന്ദ്ര ഏജൻസി നിരത്തുന്നത്.തെളിവെടുപ്പ് ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കാതെയാണ് പ്രതിക്ക് കീഴ്കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങളിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച കർശന ഉത്തരവുകൾ കീഴ്കോടതി മുഖവിലക്കെടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പൊലീസ് റിപ്പോർട്ട് അവഗണിച്ച് ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച വടി ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. എന്നാൽ കേസിൻ്റെ അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് പ്രോസിക്യൂട്ടർ കീഴ്കോടതിയിൽ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇ.ഡി ആരോപിക്കുന്നു.
‘ഗൂഢാലോചനയ്ക്ക് തെളിവില്ല’; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്
ഇ.ഡിഉദ്യോഗസ്ഥരെ റെയ്ഡിനിടെ കൂട്ടത്തോടെ ആക്രമിച്ച കേസിൽ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു ആക്രമണത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ ഗൂഢാലോചനയോ ഉണ്ടായിരുന്നതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.എന്നാൽ കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗൂഢാലോചന തെളിയിക്കാൻ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ആവശ്യമാണെന്നും ഇ.ഡി നിലപാടെടുത്തു. കേസിൽ ഇരുപതിലധികം പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച പുതിയ സൂചന.