ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ :ഒളിവിലായിരുന്ന ഭാര്യ പോലീസിൽ കീഴടങ്ങി

തൃശൂർ : തൃക്കൂർ നെല്ലിച്ചോട്ടിൽ, ജിമ്മിൽ നിന്നും വർക്കൗട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ഭാര്യ ഒടുവിൽ പോലീസിൽ കീഴടങ്ങി. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) ആണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് (34) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.കേസിലെ ഒന്നാം പ്രതിയും ജിസ്മിയുടെ കാമുകനുമായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതയായ ജിസ്മിയും സിറിളും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവർക്ക് ഒരുമിച്ച് ജീവിക്കുന്നതിന് ഭർത്താവായ ഡീനസ് തടസ്സമാണെന്ന് കണ്ടതോടെ, ഇയാളെ വകവരുത്താൻ ഇരുവരും ചേർന്ന് ക്രൂരമായ കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ മെയ് എട്ടിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ ആക്രമണം നടന്നത്. നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന സിറിൾ, വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ കയ്യിൽ കരുതിയിരുന്ന വലിയ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ ശക്തമായി അടിച്ചു വീഴ്ത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഡീനസ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിസ്മി തെരേസ് അറസ്റ്റ് ഒഴിവാക്കാനായി കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ജാമ്യാപേക്ഷ കർശനമായി നിരസിച്ചതോടെയാണ് മറ്റ് വഴികളില്ലാതെ പ്രതി കഴിഞ്ഞ ദിവസം പുതുക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ജിസ്മിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു