പാലക്കാട് കെഎസ്ആര്‍ടിസി പ്രിയദർശിനി സിറ്റി സർവീസിന് തുടക്കം

പാലക്കാട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി ഇന്ദിര പ്രിയദർശിനി സിറ്റി സർവീസിന് ആരംഭം. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സർവീസിന്റെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ച് എംഎല്‍എ രമേഷ് പിഷാരടി. എംഎല്‍എയുടെ 111 ഇനകർമ്മ പദ്ധതിയിലുൾപ്പെട്ട കെഎസ്ആര്‍ടിസി പ്രിയദർശനി അതിവേഗമാണ് യാഥാർഥ്യമായത്.
തെരഞ്ഞടുപ്പ് പ്രചാരണ വേളയിൽ തന്നെ ഏറെപ്പേർ ആവശ്യപ്പെട്ട സിറ്റി സർവീസ് യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നമുക്ക് ഒരുമിച്ച് നിക്കണമെന്നും പിഷാരടി ഫ്ലാഗ് ഓഫ് വേളയിൽ പറഞ്ഞു. നഗരത്തിലെ കലക്ടറേറ്റ് ഉൾപ്പെടുന്ന സർക്കാർ ഓഫിസുകൾ, സ്കൂളുകൾ കോളജുകൾ പാലക്കാട്, കല്ലേക്കാട് മെഡിക്കൽ കോളജുകൾ, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി പ്രിയദർശിനി സിറ്റി സർവീസ് ആരംഭിച്ചത്. കൂടുതൽ യാത്രക്കാർക്ക് ഗുണകരമാവുന്ന രീതിയിൽ സർവീസ് ക്രമീകരിക്കും.ഫ്ലാഗ് ഓഫ് വേളയിൽ കൗൺസിലർ അഷ്കർ അധ്യക്ഷത വഹിച്ചു. ഡിടിഒ ജോഷി, ടെക്നിക്കൽ ഓഫിസർ മഹേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിവി സതീഷ്, സിഎംപി ജില്ലാ സെക്രട്ടറി പി കലാധരൻ, കെഎസ്ആര്‍ടിസി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കണ്ടക്ടർക്ക് ടിക്കറ്റ് മെഷീനും ബാഗും കൈമാറിയ എംഎല്‍എ കന്നിയാത്രയും നടത്തി.