"സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 മുതൽ കോഴിക്കോട്ട്"

"സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 മുതൽ കോഴിക്കോട്ട്"

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു . സി.എസ്. സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങൾ, പാർട്ടിയുടെ പ്രകടനം, നേരിട്ട രാഷ്ട്രീയ വെല്ലുവിളികൾ, വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ സ്ഥിതി എന്നിവ റിപ്പോർട്ടിൽ വിലയിരുത്തി.കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനം മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്രമായി പരിശോധിച്ച ശേഷമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. പാർട്ടി അംഗങ്ങൾക്ക് പുറമെ അനുഭാവികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പതിനായിരക്കണക്കിന് അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ശേഖരിച്ചത്.

പാർട്ടിയുടെ സംഘടനാ പ്രവർത്തനം, പൊതുസമൂഹവുമായുള്ള ബന്ധം, പുതിയ തലമുറയിലേക്കുള്ള കടന്നുവരവ്, രാഷ്ട്രീയ–പ്രത്യയശാസ്ത്ര പ്രചാരണം എന്നിവയാണ് പ്രധാനമായും ചർച്ചയായത്. ഇത്തരത്തിൽ രൂപീകരിക്കുന്ന അവലോകന റിപ്പോർട്ട് പാർട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളിൽ വരെ അവതരിപ്പിക്കും. സംഘടനാ സംവിധാനത്തിലും പ്രവർത്തനരീതിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ കർമ്മപദ്ധതിക്ക് കോഴിക്കോട് യോഗം രൂപം നൽകും.