തൃശൂര്‍ ജില്ലയിലെ 1,151 ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന; 1.5 ലക്ഷം രൂപ പിഴ

തൃശൂര്‍ ജില്ലയിലെ 1,151 ഭക്ഷണശാലകളില്‍  മിന്നല്‍ പരിശോധന; 1.5 ലക്ഷം രൂപ പിഴ

തൃശൂര്‍: 'ഹെല്‍ത്തി കേരള' പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷണം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന 1,151 സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, വഴിയോരക്കച്ചവട കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന പൂര്‍ത്തിയാക്കിയത്.

പരിശോധനയില്‍ കേരള പഞ്ചായത്തീരാജ് നിയമപ്രകാരം ഗുരുതര നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുകയും ആകെ 1.5 ലക്ഷം രൂപ പിഴ ചുമത്തി നോട്ടിസ് നല്‍കുകയും ചെയ്തു. കൂടാതെ, കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചിത്വക്കുറവുകള്‍ കണ്ടെത്തിയ 126 സ്ഥാപനങ്ങള്‍ക്ക് പോരായ്മകള്‍ പരിഹരിക്കുന്നതിനായി ലീഗല്‍ നോട്ടിസ് അയച്ചു. ദേശീയ പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ പുകവലിച്ച വ്യക്തികളില്‍ നിന്നുമായി 11,800 രൂപ പിഴയീടാക്കിയിട്ടുണ്ട്.ഷിഗല്ല, വയറിളക്ക രോഗങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഭക്ഷണശാലകള്‍ ശുചിത്വം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ശ്രീദേവി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം നല്‍കുക, കിണറുകളും വാട്ടര്‍ ടാങ്കുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കുക, ഉപയോഗിക്കുന്ന വെള്ളം അംഗീകൃത ലാബുകളില്‍ പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നിയമാനുസൃതമായ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കുക, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു.