സിജെപി സമരത്തിന് പിന്തുണ; കെഎസ്‌യു മാർച്ചിൽ സംഘർഷം, ഉപവാസ സമരവുമായി ആം ആദ്‌മി

സിജെപി സമരത്തിന് പിന്തുണ; കെഎസ്‌യു മാർച്ചിൽ സംഘർഷം, ഉപവാസ സമരവുമായി ആം ആദ്‌മി

കോട്ടയം: ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെ ഉൾപ്പടെയുള്ള കോൺഗ്രസ്‌ എംപിമാരെയും നേതാക്കളെയും കയ്യേറ്റം ചെയ്‌ത കേന്ദ്ര സർക്കാർ നടപടിയിൽ കെഎസ്‌യു പ്രതിഷേധം. ഹെഡ് പോസ്റ്റ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.പാർലമെൻ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഡൽഹിയിൽ പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലുമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെയും, നേതാക്കളെയും അറസ്റ്റ് ചെയ്‌ത് നീക്കിയ നടപടിക്കെതിരെയാണ് കോട്ടയത്ത് കെഎസ്‌യുവിൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിലെത്തിയപ്പോള്‍ പ്രവർത്തകർ അപ്രതീക്ഷിതമായി ഓടി അകത്ത് കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഓഫിസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ഉപരോധിച്ചു. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡൻ്റ് കെഎൻ നൈസാം സമരം ഉദ്ഘാടനം ചെയ്‌തു.

ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കുന്നതിനിടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് നിന്ന് പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് പയസ്, ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, അമീൻ നജീബ്, റിറ്റി സാം, സക്കീർ ചങ്ങമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആം ആദ്‌മി

കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം ആം ആദ്‌മി പാർട്ടി സംഘടിപ്പിച്ച ഉപവാസ സമരം സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഡോക്‌ടർ സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. രാജ്യത്തിൻ്റെ പ്രതീക്ഷയായ വിദ്യാർഥികളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായാണ് സമരമെന്ന് ആം ആദ്‌മി പ്രവർത്തകർ ആരോപിച്ചു..

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പൊരുതുന്ന സിജെപി പാർട്ടിയുടെ സമര ഭടന്മാർക്ക് പിന്തുണയർപ്പിച്ചും കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ള സമരം ഡോക്‌ടർ സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയിലെ ജനങ്ങൾ ഒട്ടാകെ ഈ സമരത്തെ പിന്തുണയ്ക്കണമെന്നും പ്രവർത്തകർ ആഹ്വാനം ചെയ്‌തു.

ഇത് വെറുമൊരു പരീക്ഷ തട്ടിപ്പിന് എതിരായ സമരം അല്ലെന്നും ജനാധിപത്യ ലംഘനത്തിനെതിരായ സമരം ആണെന്നും ഡോക്‌ടർ സെലിൻഫിലിപ്പ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ജോയ് തോമസ് ആനിത്തോട്ടം, നിയോജകമണ്ഡലം പ്രസിഡൻറ് ഫ്രാൻസിസ് കൂരോത്ത്, സബീന, പ്രിൻസ് മാമൂട്ടിൽ, കാപ്പിൽ തുളസീദാസ്‌ തുടങ്ങിയവരും സംസാരിച്ചു.