കേരളത്തിൽ സ്വർണ വില താഴോട്ട്

എറണാകുളം : സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,02,760 രൂപയായി താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയുമാണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവും മറ്റ് ആഗോള സാമ്പത്തിക ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു. ഉയർന്ന നിരക്കിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുറയുന്നത് സാധാരണക്കാർക്കും സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ആശ്വാസകരമാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.