സൗജന്യ സ്ത്രീയാത്ര: സാമ്പത്തിക പ്രതിസന്ധി തീർക്കാൻ കെഎഫ്സി വഴി ഓവർ ഡ്രാഫ്റ്റ് നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്.
കെഎഫ്സി വഴി കെഎസ്ആർടിസിക്ക് ആറു മാസത്തേക്കാണ് ഓവർ ഡ്രാഫ്റ്റ് അനുവദിക്കുക. ഇതിനായി സർക്കാർ പ്രത്യേക ഗ്യാരണ്ടി നൽകും. ദിവസേന ഏകദേശം രണ്ടര കോടി രൂപയാണ് ലഭിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ഈ തുക സഹായകമാകും.സ്ത്രീകൾക്ക് യാത്ര സൗകര്യപ്രദമാക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ സർവീസ് നടത്തും. നിലവിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലായിരിക്കും പുതിയ ഓർഡിനറി ബസുകൾ അനുവദിക്കുക. ജീവനക്കാർക്ക് അർഹമായ കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യുന്നതിനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.