Keralam
കോർപ്പറേഷനിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നും, ഹാജർ രജിസ്റ്റർ ബലമായി പിടിച്ചുവാങ്ങിയെന്നുമാണ് പരാതി.
കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന ആർ. സുഗതനെ രക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കൗൺസിലർമാർ രജിസ്റ്റർ പിടിച്ചുവാങ്ങിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. മേയർ അജണ്ടകൾ അതിവേഗം പാസാക്കിയതായി പ്രഖ്യാപിച്ച് സ്ഥലം വിട്ടതോടെയാണ് സ്ഥിതിഗതികൾ വഷളായത്.